Friday, March 28, 2014

ചുള്ളിക്കാട്‌ മനസിൽ
അള്ളിപ്പിടിച്ചിരിക്കുന്നൂ..
ഒന്നിറങ്ങി പോകൂ കവേ..
ഞാൻ തനിച്ചൊന്ന് ചിന്തിച്ചോട്ടെ..!

കവിത എന്നും
മറ്റൊരു ഭാഷയാണ്,
കവിയ്ക്കും കടലാസിനും മാത്രം
മനസിലാകുന്ന അജ്ഞാത ഭാഷ

ഒരു അര്‍ദ്ധവിരാമം
കൊണ്ടവസാനിപ്പിക്കാനാത്ത
വാചകമാണു നീ..
ഒരു പൂര്‍ണ്ണ വിരാമത്തില്‍
അവസാനിക്കാത്ത
വാക്യവും..

ഞാനുരുകി നീരാവിയായി
നിന്റെ ആകാശത്തിലൊരു
തുണ്ട്‌ മേഘമായിരുന്നെങ്കിലോമലെ..
വേനലൊഴിയുന്നത്‌ കാക്കാതെ
വർഷമുണരുന്നത്‌ നോക്കാതെ..
നിന്റെ അത്യുഷണങ്ങളിലേക്ക്‌
ആർത്തലച്ചു പെയ്തേനെ..
അവസാനത്തെ ഞാനും
വിഘടിക്കുന്ന വരെ..

മത്സരിക്കാനാരുമില്ലാതാകുമ്പോൾ
നാം പിന്നിലെ മത്സര ഫലങ്ങൾ
തിരഞ്ഞു തുടങ്ങും
പിന്നിട്ട പാതകളിലെല്ലാം
ഓടി തോൽപിച്ചത്‌
തന്നെ തന്നെയാണെന്നു
അറിയുമ്പോൾ
മരിച്ച്‌ മരവിച്ചു തുടങ്ങിയിരിക്കും!

കഴുകൻ

എന്റെ മരണമറിയിക്കാൻ
നിന്നെ തേടി ഒരു
കഴുകൻ പറന്നുവരും..
ചുടലപറമ്പിൽ നിന്നെന്നെ
കൊത്തിപ്പറിക്കുമ്പോൾ 
കൊക്കിൽ കുരുങ്ങിയ
ചങ്ക്‌ കാട്ടിത്തരാൻ!
ദ്രവിച്ചതെങ്കിലും
നീ വസിച്ചതവിടാണു..
അതിമൃദുലമാ കഴുകനെ
നീ തഴുകി യാത്രയാക്കണം..
പടിക്കലതു ഛർദ്ദിച്ച
ഹൃദയം തീയിടണം..
പട്ടടയിലതിരുന്ന്
പൊട്ടിച്ചിതറണം..
അതു കണ്ടു നിൻ മിഴിയിലൊരു
തുള്ളി പൊഴിയുകിൽ
അതു മതി ആയിരം
ശ്രാദ്ധപുണ്യത്തിനായ് !
നീ മനസിൽ നിന്നൊഴിയുബ്ബോഴാണു-
ഞാനൊരു കവിയല്ലെന്നും,നീ വീണുടഞ്ഞ
വെറും കടലാസു കീറാണെന്നുമറിയുന്നത്!!


നീ പെയ്യുമ്പോൾ 
ഉണങ്ങിയ പ്രാണനിൽ
വീണ്ടും വിരിയുന്നു
കുരുന്നു പച്ചിലകൾ !


ആത്മാംശമില്ലാത്ത
വരികളെഴുതുന്നവർ
വികാരങ്ങളുടെ 
വിൽപനക്കാർ
മാത്രമാണു..


കവിതകളെ ചിറകാക്കി 
പറക്കാൻ ശ്രമിക്കുമ്പോഴോക്കെയും 
ഓര്മ്മകളിലൊരു 
കുരുക്ക് മുറുകുന്നുണ്ട്..
നിന്നിലെക്കെന്നെ കെട്ടിയിടുന്നത്!


കാൽപനികത ചിറകു
കെട്ടിയ പൈങ്കിളിയായ്‌
ഞാനീ ആകാശത്ത്‌
പറന്നു നടക്കുവോളവും
പ്രായോഗികത മണികെട്ടിയ
പശുക്കിടാവായ്‌ നീ ഭൂമിയിൽ
ഒാടി നടക്കുവോളവും
എന്റെ പ്രത്യാശയും 
സന്തൊഷങ്ങളും
നിന്റേതിനേക്കാൾ
ഉച്ഛസ്ഥായിയിലായിരിക്കും..


നിനക്ക് എന്റെ
ഹൃദയത്തിലേക്ക് സ്വാഗതം..
ചില ഉപാധികൾ ഉണ്ട്.
ഒന്നും തൊട്ടു തകർക്കരുത്
ചിതറി തൂവിക്കരുത് 
എടുത്തു മാറ്റുകയുമരുത് !


ഒരു പൂവിലുമില്ല 
നിന്നോര്മ്മയോളം 
മധുരമുള്ള തേൻ !

എന്റെ നഷ്ടപ്പെടലുകളൊന്നും 
എന്റെ നഷ്ടപ്പെടലുകളല്ലാ,
എന്നെ നഷ്ടപ്പെടുന്നവയുടെ 
നഷ്ടപ്പെടലുകളാണ്..


എന്റെ ഭ്രാന്തും

എന്റെ ഭ്രാന്തും നിന്റെ വശ്യതയും
സമം ചേരുബ്ബോഴുണ്ടാകുന്നതാണു നരകം.
ലോകമതിനെ പ്രണയമെന്നു വിളിക്കുന്നൂ..

Tuesday, September 18, 2012

കൂടപ്പിറപ്പ്

നമ്മള്‍
ജന്മാന്തരങ്ങള്‍ക്കുമപ്പുറത്ത്,
ശിലായുഗത്തിനുമപ്പുറം
അനാദിയില്‍
അല്ലെങ്കിലതിനുമക്കരെ
ഒരില ചെടിയില്‍ ഒന്നിച്ച്
വിടര്‍ന്ന രണ്ട്
പൂവുകളായിരുന്നിരിക്കണം..

പിന്നീടോരോ ജന്മങ്ങളിലും
പൂവായ് കായായ് മരമായ്
യുഗാന്തരങ്ങള്‍ക്കിപ്പുറം
ഒരമ്മയുടെ
ഗര്‍ഭപാത്രത്തിന്നൂ-
ഷ്മളതയിലല്ലെങ്കിലും
മനുഷ്യനായ്,
സമകാലത്ത്
ചെറുദൂരത്ത്

കഴിഞ്ഞ
പിറവികളിലെതിലെങ്കിലും
ദൈവമെന്നില്‍ അസൂയപ്പെട്ടിരിക്കാം..

എങ്കിലുമീ
സ്നേഹത്തിന്റെ
അനന്ത ഗഗനത്തില്‍
ഒരപ്പൂപ്പന്‍ താടിയായ്
പാറി നടക്കാനാവുന്നതിലേറെ
മറ്റെന്ത് ഭാഗ്യമുണ്ട്..:)

പാത നഷ്ടപ്പെട്ട നിഷേധിക്ക്
വഴിയിലെവിടെയോ
വീണു കിട്ടിയ മണ്‍ചെരാത്
അതാണെന്റെ കൂടപ്പിറപ്പ്
ഒന്നുലയാതെ,
ഒരിക്കലും കെടാതെ
ഒരായിരം സൂര്യതേജസ്സാല്‍
എന്റെ വഴികളിലെ
വിളക്കാകുന്ന സ്നേഹമാണെന്റെ
ചേച്ചി..

ഇനിയും ഒരു ജന്മമുണ്ടെങ്കില്‍
രണ്ട് ഗര്‍ഭപാത്രങ്ങളുടെ
ദൂരം എനിക്കുമവര്‍ക്കുമിടയിലിട്ട്
വില പേശരുത് ദൈവമേ

അവിശ്വാസിയുടെ ജീവിതം

എന്റെ
അറിവില്ലായ്മയുടേ
അവസാനത്തെ
ഇരയായിരുന്നൂ നീ..

അനിവാര്യമായ

ഒരു നിമിഷത്തിന്റെ
അവസാനത്തെ പകുതിയില്‍
വീണ്ടുമൊരിക്കല്‍
നീയെന്നെ കണ്ടുമുട്ടും
അന്നെനിക്ക് “മാപ്പ്”
എന്ന രണ്ടക്ഷരത്തില്‍-
കവിഞ്ഞൊന്നും
കുബ്ബസരിക്കാനായില്ലാ..

ക്ഷമിക്കാന്‍ നിനക്കാകില്ലെന്നറിയാം,
മറക്കാന്‍ നിനക്കാകാതിരുന്നത് പോലെ,
ക്ഷമ ഞാനര്‍ഹിക്കുന്നിമില്ലാ
നിന്റെ നിറഞ്ഞ സ്നേഹം പോലെ..

ഈ രാത്രി ഞാന്‍
മറ്റൊരു വസന്തത്തിനായ്
വാതില്‍ തുറന്നിട്ടതാണ്..
അതെന്റെ ജനല്‍ പാളികളില്‍
തട്ടിയുടഞ്ഞ്
മറ്റേതോ വയലിന്റെ
വിശാലതയിലേയ്ക്ക്
വിത്ത് പാകീ..

എനിക്കറിയാം,
നിന്റെ വേദനയിറ്റുന്ന
നെടുവീര്‍പ്പുകളാലുള്ള
വേട്ടയാടപ്പെടലാണിന്നെന്റെ
ജീവിതം..

നീ വിശ്വസിക്കില്ലാ..
ഈ അവിശ്വാസിയുടെ ജീവിതം
നിന്റെ രക്ത പാനത്തിനു ശേഷം
അതി വിശുദ്ധമാരുന്നൂ,

എന്നിട്ടും
ദൌര്‍ഭാഗ്യങ്ങളുടേ
ചുരുക്കെഴുത്താവുകയാണ്
ഞാന്‍..
ഹാ,എത്ര ബുദ്ധിരഹിതമായ
തമാശാ..

യാത്ര

നഗരത്തിലെ
കാവല്‍ വിളക്കുകള്‍
രാത്രികളിലൊരിക്കലും അണഞ്ഞീരുന്നില്ലാ

എങ്കിലും
വേശ്യയുടെ വിശന്ന ചിരിയെ ഭയന്ന്

കുറ്റിക്കാടിന്റെ മറവുകളിലേക്കൊ
റോഡരികിലെ വിജനതയിലേക്കൊ
അത് മിഴികള്‍ പായിക്കാറില്ലാന്ന് മാത്രം,

നഗരത്തിലെ
പരന്ന പാതകളില്‍
യാത്രകളൊരിക്കലും നിലയ്ച്ചിരുന്നില്ലാ

പക്ഷെ
റോട്ട് വക്കിലെ
പിന്നിയ തൊട്ടിലിലുറങ്ങുന്ന
കുഞ്ഞുണ്ണിയെ
ഉണര്‍ത്താതെ നിശബ്ദമായൊരു
കാറ്റായി അവ പാറിപ്പോവുമെന്ന് മാത്രം

നഗരത്തിലെ
തെരുവോരങ്ങാളില്‍
ആരവങ്ങളുമൊരിക്കലും അവസാനിക്കാറില്ലാ..

പക്ഷെ
മാന്‍‌ഹോളിനകത്ത്
ഒറ്റയ്ക്കുറങ്ങുന്നവന്റെ
വേദനകളിലേയ്ക്കവ ഒരിക്കലും
തുളച്ച് കേറാറില്ലാന്ന് മാത്രം..

ഇന്ന് ആ നഗരത്തിലെ
നിയോണ്‍ വിളക്കിനു കീഴെ
കാഴ്ചകളിലേക്ക് കണ്ണ് തുറന്ന്
ഞാനില്ലാ

യത്രയുടേ അവസാനം
എന്റെയീ ഒറ്റപ്പെടലുകളിലെ
വല്ലാത്ത നഷ്ടപ്പെടലുകളായീ ,
അവളുടേ വിശപ്പൊഴുകുന്ന
പുഞ്ചിരിയും,
റോട്ട് വക്കത്തെ തൊട്ടിലിലുറങ്ങുന്ന
കുഞ്ഞിന്റെ മുഖവും.
മാന്‍‌ഹോളിനകത്തെ
മുനിയുടേ നടുവളഞ്ഞ
ഉറക്കവും മാത്രം
അവശേഷിക്കുന്നൂ..:‘(

എന്റെ മറ്റെല്ലാ യാത്രകളിലുമവസാനമെന്ന
പോലിവിടെയും നിരാശനാണു ഞാന്‍....