Tuesday, September 18, 2012

കൂടപ്പിറപ്പ്

നമ്മള്‍
ജന്മാന്തരങ്ങള്‍ക്കുമപ്പുറത്ത്,
ശിലായുഗത്തിനുമപ്പുറം
അനാദിയില്‍
അല്ലെങ്കിലതിനുമക്കരെ
ഒരില ചെടിയില്‍ ഒന്നിച്ച്
വിടര്‍ന്ന രണ്ട്
പൂവുകളായിരുന്നിരിക്കണം..

പിന്നീടോരോ ജന്മങ്ങളിലും
പൂവായ് കായായ് മരമായ്
യുഗാന്തരങ്ങള്‍ക്കിപ്പുറം
ഒരമ്മയുടെ
ഗര്‍ഭപാത്രത്തിന്നൂ-
ഷ്മളതയിലല്ലെങ്കിലും
മനുഷ്യനായ്,
സമകാലത്ത്
ചെറുദൂരത്ത്

കഴിഞ്ഞ
പിറവികളിലെതിലെങ്കിലും
ദൈവമെന്നില്‍ അസൂയപ്പെട്ടിരിക്കാം..

എങ്കിലുമീ
സ്നേഹത്തിന്റെ
അനന്ത ഗഗനത്തില്‍
ഒരപ്പൂപ്പന്‍ താടിയായ്
പാറി നടക്കാനാവുന്നതിലേറെ
മറ്റെന്ത് ഭാഗ്യമുണ്ട്..:)

പാത നഷ്ടപ്പെട്ട നിഷേധിക്ക്
വഴിയിലെവിടെയോ
വീണു കിട്ടിയ മണ്‍ചെരാത്
അതാണെന്റെ കൂടപ്പിറപ്പ്
ഒന്നുലയാതെ,
ഒരിക്കലും കെടാതെ
ഒരായിരം സൂര്യതേജസ്സാല്‍
എന്റെ വഴികളിലെ
വിളക്കാകുന്ന സ്നേഹമാണെന്റെ
ചേച്ചി..

ഇനിയും ഒരു ജന്മമുണ്ടെങ്കില്‍
രണ്ട് ഗര്‍ഭപാത്രങ്ങളുടെ
ദൂരം എനിക്കുമവര്‍ക്കുമിടയിലിട്ട്
വില പേശരുത് ദൈവമേ

അവിശ്വാസിയുടെ ജീവിതം

എന്റെ
അറിവില്ലായ്മയുടേ
അവസാനത്തെ
ഇരയായിരുന്നൂ നീ..

അനിവാര്യമായ

ഒരു നിമിഷത്തിന്റെ
അവസാനത്തെ പകുതിയില്‍
വീണ്ടുമൊരിക്കല്‍
നീയെന്നെ കണ്ടുമുട്ടും
അന്നെനിക്ക് “മാപ്പ്”
എന്ന രണ്ടക്ഷരത്തില്‍-
കവിഞ്ഞൊന്നും
കുബ്ബസരിക്കാനായില്ലാ..

ക്ഷമിക്കാന്‍ നിനക്കാകില്ലെന്നറിയാം,
മറക്കാന്‍ നിനക്കാകാതിരുന്നത് പോലെ,
ക്ഷമ ഞാനര്‍ഹിക്കുന്നിമില്ലാ
നിന്റെ നിറഞ്ഞ സ്നേഹം പോലെ..

ഈ രാത്രി ഞാന്‍
മറ്റൊരു വസന്തത്തിനായ്
വാതില്‍ തുറന്നിട്ടതാണ്..
അതെന്റെ ജനല്‍ പാളികളില്‍
തട്ടിയുടഞ്ഞ്
മറ്റേതോ വയലിന്റെ
വിശാലതയിലേയ്ക്ക്
വിത്ത് പാകീ..

എനിക്കറിയാം,
നിന്റെ വേദനയിറ്റുന്ന
നെടുവീര്‍പ്പുകളാലുള്ള
വേട്ടയാടപ്പെടലാണിന്നെന്റെ
ജീവിതം..

നീ വിശ്വസിക്കില്ലാ..
ഈ അവിശ്വാസിയുടെ ജീവിതം
നിന്റെ രക്ത പാനത്തിനു ശേഷം
അതി വിശുദ്ധമാരുന്നൂ,

എന്നിട്ടും
ദൌര്‍ഭാഗ്യങ്ങളുടേ
ചുരുക്കെഴുത്താവുകയാണ്
ഞാന്‍..
ഹാ,എത്ര ബുദ്ധിരഹിതമായ
തമാശാ..

യാത്ര

നഗരത്തിലെ
കാവല്‍ വിളക്കുകള്‍
രാത്രികളിലൊരിക്കലും അണഞ്ഞീരുന്നില്ലാ

എങ്കിലും
വേശ്യയുടെ വിശന്ന ചിരിയെ ഭയന്ന്

കുറ്റിക്കാടിന്റെ മറവുകളിലേക്കൊ
റോഡരികിലെ വിജനതയിലേക്കൊ
അത് മിഴികള്‍ പായിക്കാറില്ലാന്ന് മാത്രം,

നഗരത്തിലെ
പരന്ന പാതകളില്‍
യാത്രകളൊരിക്കലും നിലയ്ച്ചിരുന്നില്ലാ

പക്ഷെ
റോട്ട് വക്കിലെ
പിന്നിയ തൊട്ടിലിലുറങ്ങുന്ന
കുഞ്ഞുണ്ണിയെ
ഉണര്‍ത്താതെ നിശബ്ദമായൊരു
കാറ്റായി അവ പാറിപ്പോവുമെന്ന് മാത്രം

നഗരത്തിലെ
തെരുവോരങ്ങാളില്‍
ആരവങ്ങളുമൊരിക്കലും അവസാനിക്കാറില്ലാ..

പക്ഷെ
മാന്‍‌ഹോളിനകത്ത്
ഒറ്റയ്ക്കുറങ്ങുന്നവന്റെ
വേദനകളിലേയ്ക്കവ ഒരിക്കലും
തുളച്ച് കേറാറില്ലാന്ന് മാത്രം..

ഇന്ന് ആ നഗരത്തിലെ
നിയോണ്‍ വിളക്കിനു കീഴെ
കാഴ്ചകളിലേക്ക് കണ്ണ് തുറന്ന്
ഞാനില്ലാ

യത്രയുടേ അവസാനം
എന്റെയീ ഒറ്റപ്പെടലുകളിലെ
വല്ലാത്ത നഷ്ടപ്പെടലുകളായീ ,
അവളുടേ വിശപ്പൊഴുകുന്ന
പുഞ്ചിരിയും,
റോട്ട് വക്കത്തെ തൊട്ടിലിലുറങ്ങുന്ന
കുഞ്ഞിന്റെ മുഖവും.
മാന്‍‌ഹോളിനകത്തെ
മുനിയുടേ നടുവളഞ്ഞ
ഉറക്കവും മാത്രം
അവശേഷിക്കുന്നൂ..:‘(

എന്റെ മറ്റെല്ലാ യാത്രകളിലുമവസാനമെന്ന
പോലിവിടെയും നിരാശനാണു ഞാന്‍....

കവിത

ചുട്ടുപൊള്ളുന്ന റോട്ടരികില്‍ നിന്ന്
ജഡ്കയുന്തുന്ന കറബ്ബന്റെ മുതുകിലെ
വിയര്‍പ്പിന്‍ മുത്തുകാളാണിന്നെന്റെ
കവിത,

തൊട്ടടുക്കിലെ കുപ്പയോരത്ത്
വെളിക്കിരിക്കുന്ന ഭ്രാന്തന്റെ
നാണമില്ലായ്മയാണിന്നെന്റെ
കവിത..

മുട്ടിയൊഴുകുന്ന ശകട കടലിന്നി-
ടയ്ക്ക് തെന്നി നീങ്ങുന്നരക്കാലന്റെ
മെയ്‌വഴക്കമാണിന്നെന്റെ
കവിത

ചിട്ടയില്ലാതെ കൈകൊട്ടിയാടി
വരും ഹിജഡയുടേ വശ്യ
സൌന്ദര്യമാണെന്റെ
കവിത..

കരള്‍ക്കൂട്ടിലിരുന്ന്
കുറുകുന്ന പ്രണയമേ
നിന്നെ കുറിക്കാനാക്ഷര-
മറ്റിന്നു ഞാന്‍
നിസ്സഹായനാകുന്നൂ..

എന്റെ ഭ്രാന്തും നിന്റെ വശ്യതയും

ഉള്‍ക്കടലില്‍
ദിശതെറ്റിയൊഴുകുന്ന
ഈ പായ്ക്കപ്പലില്‍,
വിശന്നും ഭയന്നും മരിച്ച
സഹയാത്രികരുടേ
ശവ ദുര്‍ഗന്ധത്തില്‍,
ബാക്കിയാകുന്നത്
എന്റെ ഭ്രാന്തും
നിന്റെ വശ്യതയും
മാത്രമാണ്
.
ദിശാസൂചി തെറ്റിയ,
തുണിപ്പായകള്‍ക്ക്
തുളവീണ,
അടിപ്പലക തേഞ്ഞഴുകിയയീ-
യാനപാത്രം
നമ്മെ നയിക്കുന്നത്,
നരകമല്ലാതെ
മറ്റൊരിടത്തെക്കല്ലാ.
.
ഇത് കപ്പല്‍ ചാലുകളില്ലാത്ത
കടലാഴങ്ങളിലേയ്ക്ക്
നാമൊന്നായോ,പലതായോ
അലിയുന്നതിനും
മുന്‍പായുള്ള
അവസാന നിമിഷങ്ങളാണ്,

എങ്കിലുമെനിക്ക്
ചോദിക്കാതെ വയ്യാ,
നോട്ടിക്കല്‍ മൈത്സ്
രേഖപ്പെടുത്താനാകാഞ്ഞ
ഈ നശിച്ചാ യാത്രയുടേ
ഏതെങ്കിലും ഒരു
നിമിഷാര്‍ദ്ധത്തില്‍,
ഒരിക്കല്‍,ഒരിക്കലെങ്കിലും
നിന്റെ പ്രജ്ഞയുടേ
പലരേഖകളിലൊന്നിനെയെങ്കിലും
എന്റെ കത്തുന്ന പ്രണയം
ചുട്ട് പൊള്ളിച്ചിരുന്നൊ??

ഇല്ലെന്നാണ് നിനക്കുത്തരമെങ്കില്‍,
ഞാനെന്റ്റെ തോള്‍സഞ്ചിയിലെ
ഒടുവിലത്തെ ചുരുട്ട്
പുകച്ചു തീരുന്നതിനും
മുന്നായീ ആത്മഹൂതി ചെയ്തു
കൊള്‍ക..
നിന്നെ തനിച്ചാക്കി മരിക്കാന്‍
ഞാനശക്തനാണ്..

ആണെന്നാണ് നിനക്കുത്തരമെങ്കില്‍..
എന്റെയീ പ്രിയപ്പെട്ട ബൊളീവിയന്‍
ചുരുട്ടിനു പകരമായീ
നിന്നെ ഞാനാഞ്ഞ് ചുംബിക്കും,

ആമാശയത്തിലും
ശ്വാസകോശത്തിലും
എന്റെ പ്രണയ വിഷം
പടര്‍ന്ന് നീ പിടയാതെ
തീരുബ്ബോള്‍,
ആകാശങ്ങളിലെ
സ്വര്‍ഗ്ഗത്തേക്കാളും
വലിയ നേട്ടത്തിന്റെ
ആത്മസംതൃപ്തിയില്‍
എനിക്ക് ഹൃദയം
നിലച്ചോളും..

നാളേ കപ്പല്‍ ഫോസിലുകള്‍
കണ്ടെത്തുന്ന മുങ്ങല്‍വിദഗ്ധര്‍
ചുംബിക്കുന്ന അസ്ഥികൂടങളേ
കണ്ട് അദ്ഭുതപെടട്ടേ....