Tuesday, September 18, 2012

കൂടപ്പിറപ്പ്

നമ്മള്‍
ജന്മാന്തരങ്ങള്‍ക്കുമപ്പുറത്ത്,
ശിലായുഗത്തിനുമപ്പുറം
അനാദിയില്‍
അല്ലെങ്കിലതിനുമക്കരെ
ഒരില ചെടിയില്‍ ഒന്നിച്ച്
വിടര്‍ന്ന രണ്ട്
പൂവുകളായിരുന്നിരിക്കണം..

പിന്നീടോരോ ജന്മങ്ങളിലും
പൂവായ് കായായ് മരമായ്
യുഗാന്തരങ്ങള്‍ക്കിപ്പുറം
ഒരമ്മയുടെ
ഗര്‍ഭപാത്രത്തിന്നൂ-
ഷ്മളതയിലല്ലെങ്കിലും
മനുഷ്യനായ്,
സമകാലത്ത്
ചെറുദൂരത്ത്

കഴിഞ്ഞ
പിറവികളിലെതിലെങ്കിലും
ദൈവമെന്നില്‍ അസൂയപ്പെട്ടിരിക്കാം..

എങ്കിലുമീ
സ്നേഹത്തിന്റെ
അനന്ത ഗഗനത്തില്‍
ഒരപ്പൂപ്പന്‍ താടിയായ്
പാറി നടക്കാനാവുന്നതിലേറെ
മറ്റെന്ത് ഭാഗ്യമുണ്ട്..:)

പാത നഷ്ടപ്പെട്ട നിഷേധിക്ക്
വഴിയിലെവിടെയോ
വീണു കിട്ടിയ മണ്‍ചെരാത്
അതാണെന്റെ കൂടപ്പിറപ്പ്
ഒന്നുലയാതെ,
ഒരിക്കലും കെടാതെ
ഒരായിരം സൂര്യതേജസ്സാല്‍
എന്റെ വഴികളിലെ
വിളക്കാകുന്ന സ്നേഹമാണെന്റെ
ചേച്ചി..

ഇനിയും ഒരു ജന്മമുണ്ടെങ്കില്‍
രണ്ട് ഗര്‍ഭപാത്രങ്ങളുടെ
ദൂരം എനിക്കുമവര്‍ക്കുമിടയിലിട്ട്
വില പേശരുത് ദൈവമേ

No comments:

Post a Comment