Friday, March 28, 2014

പണ്ടൊരിക്കൽ
ഒരു കൂട്ടുകാരിയുടെ
വീട്ടു മുറ്റത്തു ചെന്ന് അവളെ
കാർ പോർച്ചിലേക്കു
വിളിച്ചിറക്കി ഇങ്ങനെ പാടീ..
"എന്റെ പ്രചണ്ഡ പ്രണയത്തിന്റെ
ആദി താളങ്ങൾ നിന്റെ
പിർവിയുടെ പുലരി
വിടർന്ന ജന്മ നക്ഷത്രത്തിൽ
തകിലു കൊട്ടിയായിരുന്നെന്റെ
ഓമനേ.. "
അവൾ പകച്ചെന്റെ
മുഖത്തു നോക്കീ..
"കള്ളാണോ,കഞ്ചാവാണോ?"
ഞാനും തിരിച്ചു വായിച്ചപ്പൊ
ഒരു പുല്ലും മനസിലായില്ലാ..
എങ്കിലും പറഞ്ഞൂ..
"രണ്ടുമല്ലാ.. എനിക്ക്
ഇഷ്ടം മൂത്തതാണു"
അവൾ പുച്ഛം വച്ചൊരു
ചിരി ചിരിച്ച്
ചോദിച്ചൂ..
"എന്തുണ്ടായിട്ടാ നിന്റേൽ?
സഞ്ചീലെ
കവിത തിന്നാ
വിശപ്പ് മാറുമൊ? "
സേം ഓൾഡ് ക്ലീഷേ ക്വസ്റ്റ്യൻ..
അവൾടെ മുഖത്തൊന്ന് കൊടുത്ത്
ഇറങ്ങിപ്പോയാലോന്നോർത്തെങ്കിലും.
പറഞ്ഞതിങ്ങനെ,
"ഇല്ലാ,പക്ഷെ പൈസ തിന്നാലും
കാറു തിന്നാലും വീടു തിനാലും
വിശപ്പു മാറൂലാ..മാറോ?
നിന്റെ പ്രശ്നം വിശപ്പാണോ? "
പുച്ഛം ഒഴുകി പോവാതെ
അവൾ ചിരിച്ചു കൊണ്ടെന്നെ
തറച്ചു നോക്കീ..
ഒന്നും പറയുന്നില്ലാ..
ചിരീ.. വല്ലാത്ത ചിരീ...
കണ്ണു നിറയെ ചോദ്യങ്ങൾ
ഞാൻ വിയർത്തൂ..
ശബ്ദം ഉറഞ്ഞ് പോയീ
ശരീരം തളർന്നു തുടങ്ങീ,
ധൈര്യം ഒലിച്ചിറങ്ങീ..
പഴകി തേഞ്ഞ
ചോദ്യമല്ലത്..
യാഥാർത്ഥ്യം..
കല്ലു തട്ടിയെന്റെ
നഖമടർന്ന മുറിവിൽ
നിന്നൊഴുകുന്ന
സ്പിരിറ്റു കലർന്ന
ചോര പോലെ
വേദനിപ്പിക്കുന്ന യാഥാർത്ഥ്യം
ഞാൻ വേച്ചു വേച്ചു
തിരിച്ചു നടന്നൂ...
അവളെ പിന്നെ കണ്ടിട്ടില്ലാ
ഞാൻ പിന്നെ കള്ള് കുടിച്ചിട്ടില്ലാ,
കോളേജിൽ പോയില്ലാ..
കവിത വായിച്ചിട്ട് പോലുമില്ലാ
എന്നിട്ടും .. എന്നിട്ടും
എവിടെം എത്തീലാ..
ഇനിയൊരിക്കൽ അവളേ
കാണുബ്ബോ പരിസരം മറന്നു ചെന്ന്
ആഞ്ഞു പുണർന്നൊന്ന്
ഉറക്കെ ചുംബിച്ച്
ഇങ്ങനെ പറയണം..
"പണക്കാരന്റെ മോളേ
കവിത തിന്നിട്ടല്ലാ..
കവിതയായി തന്നെയാടീ
ഞാനിന്നും ജീവിക്കുന്നേന്ന്.."

No comments:

Post a Comment